Sunday, November 13, 2022

ഒന്നുമില്ലായ്മ

 തറവാടിന്റെ അടുത്തുള്ള ഒരപ്പുര വീട്ടിൽ ആയിരുന്നു എന്റെ ജനനം.. ഒരു ഇരു മുറി വീട്, ഞാൻ നാലിൽ പഠിക്കുമ്പോളാണ്  തറവാട്ടുമുറ്റത്തെ ആ വീട്ടിൽ അതിന്റെ അവകാശികൾ താമസത്തിനായി വന്നത്‌, കിടന്ന വീട് സ്വന്തമായിരുന്നില്ല എന്ന തിരിച്ചറിവിനേക്കാൾ ..സൗഹൃദങ്ങൾ ബന്ധങ്ങൾ എല്ലാം പിരിഞ്ഞു ദൂരെ വാടകവീട്ടിലേക്കു പോകണം എന്നതാണ് എന്നെ ഏറെ വേദനിപ്പിച്ചത് .. വന്നവരെയും ഞാൻ തെറ്റ് പറയില്ല, അവരുടെ ഗതികേട് കൊണ്ടായിരുന്നു, വീതം കിട്ടിയ ആ വീട്ടിൽ പൊടുന്നനെ വരേണ്ടി വന്നത്..  ഏറെ കാലത്തിനു ശേഷം തറവാട് ഭാഗം വിൽക്കാനിട്ടപ്പോൾ അത് വിലക്കു  വാങ്ങി .. ഇന്ന് ഒരു ഇരുനില മാളിക പണിതു.. എന്റെ കിടപ്പുമുറിയുടെ ജനാലക്കപ്പുറമാണ് ആ ഒരപ്പുര വീട്, ഇടക്കിടക്ക് ഞാൻ പടിഞ്ഞാറേ ജനൽപ്പാളി തുറന്നു ആ വീട്ടിലേക്കു നോക്കും.. ഭാഗംവയ്പ്പിലും മറ്റും അന്യാധീനപ്പെട്ടു പോയെങ്കിക്കും.. ഇന്നും ആ ഇരുമുറി വീട് അവിടെത്തന്നെയുണ്ട്..   ഞാൻ എന്ന അഹന്തേയെ ശമിപ്പിക്കാനായി, ഇപ്പോൾ അനുഭവിക്കുന്ന സൗകര്യങ്ങൾക്ക് നന്ദി പറയിപ്പിക്കാനായി അതെന്നെ നോക്കി മോഹിപ്പിക്കും വിധം പുഞ്ചിരിക്കുന്നതായി തോന്നും.. അതെ .. തുടക്കത്തോട് താരതമ്യം ചെയ്‌താൽ ഈ ഉള്ളതെല്ലാം ലാഭം മാത്രം ആണ് ! എന്നാലും ആ വീട് മാത്രം ഇന്നും സ്വന്തമാക്കാനായിട്ടില്ല.. എന്നെകിലും അതിനുള്ള വക കയ്യിൽ വരുമ്പോൾ .. അത് അവർ വിൽക്കാൻ തയ്യാറെങ്കിൽ, വാങ്ങി ഒരു ദിവസം അവിടെ ഉറങ്ങണം .. വീണ്ടും ആ നാലാം ക്‌ളാസ്സുകാരന്റെ മനസുമായി .. 

Wednesday, March 11, 2020

മരണം

മരണത്തെ ഭയന്നുനീ മരിക്കല്ലേ മനുഷ്യത്വമേ,
മാനവജാതിതൻ മേന്മയെ മനുഷ്യത്വമെന്നോർക്കുക ! 
ലോകമെമ്പാടും പടരും വിപത്തിനെ, മനുഷ്യത്വത്താൽ ചെറുത്തീടുകനീ.. 
ചരിത്രംവാഴ്ത്തിയില്ലെങ്കിലും, മനസ്സുനിറഞ്ഞീടുമെന്നറിയുക ! 
- രാജീവ് മേനോൻ

Wednesday, February 19, 2020

ഭ്രമരം


ഭ്രമരം, ഓർമ്മകൾ അല്ലെ ഇതിനു ഏറ്റവും യോജ്യമായ പര്യായം ?

എന്നും ചുറ്റും അലയുന്ന ഒരു വണ്ട് പോലെ…. മധുരം ഉള്ള തേൻ പോലെ…  എത്ര വ്യത്യസ്തം, ഓരോരുത്തരുടെയും ഓർമ്മകൾ ! എന്റെ ഓർമ്മകൾ എന്നും നിലകൊള്ളുന്നത് എന്റെ പുത്തൻപുരയിൽ തറവാടിന്റെ അടുക്കള ചായ്പ്പിലാണ്  !  ഉദയംപേരൂർ എന്നകൊച്ചു ഗ്രാമത്തിലാണ് എന്റെ ജനനം ..താമസം അമ്മയുടെ തറവാട്ടിൽ !

തറവാടെന്നു കേൾക്കുമ്പോൾ എല്ലാ മലയാളികളുടെയും മനസ്സിൽ ഓടിവരുന്ന ഒരു നാലുകെട്ടിന്റെ രൂപം ഉണ്ട് .. എന്നാൽ അതല്ല .. ഒരു കൊച്ചു ഓടിട്ട വീട് .. ഉമ്മറത്ത് അരമതിലും.. പടിഞ്ഞാപ്പുറത്തു ഒരു പത്തായവയും ..  ഉമ്മറത്ത് നിന്നും എല്ലാ മുറിയിലേക്കും നേരിട്ടു കയറാൻ എന്നവിധം ആണ് മരത്തിൽ പണിതീർത്ത  വാതലുകൾ ഘടിപ്പിച്ചിരിക്കുന്നത്, അതിൽ ഉപയോഗിച്ച് പഴകിയ ഓടാമ്പലും, പിന്നിൽ മരത്തിന്റെ സാക്ഷയും…ഏറെ ചിത്രപ്പണികൾ ഇല്ലെങ്കിലും അതിന്റെ സാക്ഷക്കും ഓടാമ്പലിനും ഒരു പഴയ നായർ തറവാടിന്റെ പ്രൗഢി ഉണ്ടായിരുന്നു. സാമ്പത്തികമായി ക്ഷയിച്ചനാളുകളിൽ പണിതീർത്തതായിരുന്നെങ്കിലും ആയിരുന്നെങ്കിലും, ആ വീടിന്റെ ഓരോ വാതിലിനും  ആഭരണമെന്നവണ്ണം അലങ്കാരം ആയിരുന്നു ആ ഓടാമ്പലുകൾ.            

ഉമ്മറത്തുനിന്നും കയറുന്ന രണ്ടു മുറികൾ കിഴക്കു ദർശിനികൾ ആയിരുന്നു .. പിന്നൊന്നും വടക്കോട്ടും .. വടക്കോട്ടു വാതിലുള്ള മുറിയിൽ ആണ് മുത്തച്ഛൻ, ആ മുറിക്കു തെക്കോട്ടു നോക്കുന്ന രണ്ടു ജനാലകളുണ്ട്, അതിലൂടെ നോക്കിയാൽ വഴിയുടെ അറ്റം വരെ കാണാം . മുത്തച്ഛൻ എന്നും രാവിലെ അത് തുറന്നിടും, അതിലൂടെ ദൂരേക്ക് നോക്കിയാണ് ഉച്ചമയക്കത്തിലേക്കു മുത്തച്ഛൻ കടക്കുക .. ആരെയോ പ്രതീക്ഷിച്ച പോലെ ഒരു നോട്ടം അല്ല .. എന്നാൽ കണ്ടുമടുത്ത കാഴ്ചയെന്ന മുഷിപ്പും ആ കണ്ണുകളിൽ കണ്ടിരുന്നില്ല ..

ജനാലക്കരികിൽ ആണ് മുത്തച്ഛന്റെ പെട്ടി .. എന്നാൽ മച്ചിൽ അടിച്ച ആണിയിൽകെട്ടിയ കയറിൽ ഘടിപ്പിച്ചിരുന്ന ഒരു  മുളവടിയിൽ ആണ് മുത്തച്ഛന്റെ മുണ്ടും തോർത്തും തൂക്കിയിട്ടിരുന്നത്. പെട്ടി ഇന്നുവരെ തുറക്കുന്നത് ഞാൻ കണ്ടിട്ടില്ല .. ഒരുപക്ഷെ വീടിന്റെ ആധാരവും മുത്തച്ഛന്റെ സമ്പാദ്യവും അതിൽ ആയിരിക്കാം .. എന്നാൽ ഞാൻ കാണുമ്പോളെല്ലാം മുത്തച്ഛന്റെ  എണ്ണക്കുപ്പികളും, കുഴമ്പും, പിന്നെ കാജാ ബീഡിയുടെ പാക്കറ്റും ഒരു തീപ്പെട്ടിയും മാത്രം ആണ് അതിന്റെ മുകളിൽ ഇടംപിടിച്ചിരുന്നു .. ഒരു മേശ പോലെ.

 അതിന്റെ അരികിലോ ജനാലയുടെ അരികിലായോ ഒരു കുത്തു ചീട്ടും കാണും. പ്രായം ആയതിനുശേഷം മുത്തച്ഛന്റെ നേരംകൊല്ലി ചീട്ടാണ് , രാവിലെ തന്നെ മുത്തച്ഛന്റെ കുറെ സില്ബന്ധികൾ വീട്ടിലെത്തും. പിന്നെ പടിഞ്ഞാപുറത്തു ഒരു ബഹളം ആണ് .. കുസൃതി നിറഞ്ഞ കള്ളക്കളികളും, സ്നേഹം നിറഞ്ഞ വഴക്കിടലും സർവസാധാരണം.. ഒരിക്കൽ പോലും ഞാൻ അവർ ചിരിച്ചുകൊണ്ട് കളിനിർത്തികണ്ടിട്ടില്ല.. പോകും നേരം എല്ലാരും "ഇനി ഞാൻ ഈ പരിപാടിക്കില്ല " എന്ന് പറഞ്ഞാണ് പോകുന്നത് .. പിറ്റേന്ന് രാവിലെ വീണ്ടും അവർ ഒന്നിക്കും, വഴക്കിടാനായി ! അസൂയ തോന്നുംവിധമുള്ള കൂട്ട് !
           
വീടിന്റെ നടുവിലെ മുറിയിൽ ആണ് എന്റെ അമ്മൂമ്മ ..

ഒരുപാടു പ്രത്യേകതകൾ ഒന്നും അമ്മുമ്മയെപ്പറ്റി കാഴ്ച്ചയിൽ പറയില്ല,  മെലിഞ്ഞു, ഇരുനിറമുള്ള, മുണ്ടും ബ്ലൗസും അണിഞ്ഞു നടക്കുന്ന, കീഴ്ച്ചുണ്ടിനു മുകളിലേക്ക് ഒരു കുഞ്ഞി പല്ലു നീണ്ട, സ്വർണ നിറത്തിൽ മുടിയുള്ള, കഴുത്തിൽ ഒരു അടലും പതക്കവും അണിഞ്ഞ ഒരു പാവം അമ്മുമ്മ.. എന്നാൽ അമ്മൂമ്മയെ പറ്റി ഒരു രഹസ്യം എനിക്കറിയാം ... അമ്മുമ്മ ഒരു മാലാഖയിരുന്നു ..  എല്ലാവര്ക്കും സ്നേഹം വാരിക്കോരി കൊടുക്കുന്ന ഒരു മാലാഖ. എന്നെ അമ്മ തല്ലാൻ ഓടിച്ചപ്പോളെല്ലാം അമ്മുമ്മയാണ് എന്നെ രക്ഷിക്കുക .. എന്റെ കുരുത്തക്കേടുകൾ പൊറുക്കാൻ കഴിവുള്ള ഒരു പാവം മാലാഖ..

അമ്മുമ്മയുടെ മുറിയിൽ ഒരു അലമാര ഉണ്ടായിരുന്നു,അതും മതിലിനകത്തേക്കു അറകൾ ഉള്ളവ ! അതിൽ നിറയെ കുന്നിക്കുരു നിറച്ച ഒരു ആമേടപെട്ടി ഉണ്ടായിരുന്നു.. സ്വർണത്തേക്കാൾ സന്തോഷം നല്കാനാകുന്ന കുന്നികുരുകൾ ! പിന്നെ അമ്മുമ്മയുടെ കൊഴമ്പും, മുറുക്കാൻ താംബൂലവും, ഒരു കുഞ്ഞു ഉരലും. അവധികാലം ആയാൽ എന്റെ വല്ലിമ്മയുടെ മക്കൾ എല്ലാവരും എത്തും .. പിന്നെ  അമ്മുമ്മക്ക് മുറുക്കാൻ ഇടിച്ചുകൊടുക്കാൻ മത്സരം ആണ് .. ചെറുതായതു കൊണ്ട് എനിക്ക് അവസരം കുറവാണു കിട്ടാറ്‌, അവധി കഴിഞ്ഞാൽ ഞാൻ വീണ്ടും ഒറ്റക്കാകും .. അന്ന് പക്ഷെ മത്സരിക്കാൻ ആളില്ലാത്തകൊണ്ടു ഇടിച്ചുകൊടുക്കാൻ ഒരു രസം ഇല്ലായിരുന്നു .. അതുകൊണ്ടു ഞാൻ അധികം പോകാറുമില്ല ! അമ്മയാണ് അമ്മുമ്മയുടെ നിയുക്ത മുറുക്കാൻ ചതക്കുന്നയാൾ.

അമ്മുമ്മയുടെ മുറിയിലും ഒരു പെട്ടി ഉണ്ട് .. അത് രണ്ടു കട്ടിലുകൾക്കിടയിൽ ഇരിക്കും ഇന്നത്തെ ബെഡ്‌സൈഡ് ടേബിൾ പോലെ. അതിന്റെ മുകളിൽ  മിക്കപ്പോഴും ഒന്നും വച്ച് കണ്ടിട്ടില്ല.. അമ്മുമ്മ അതിലാണ് ഉടുപ്പെല്ലാം വക്കുന്നത് ..

ഞാൻ അമ്മുമ്മയുടെ മുറിൽ പോകുമ്പോളെല്ലാം അവിടുത്തെ ജനാലയിൽ പിടിച്ചു ദൂരേക്ക് നോക്കിനിക്കും, ഉയരംകിട്ടാൻ ചിലപ്പോൾ പെട്ടിക്കുമുകളിൽ കയറി നില്കും .. ഉമ്മറത്തേക്ക് തുറക്കുന്ന ജനലിയിലൂടെ നോക്കിയാൽ മുറ്റത്തെപ്ലാവിനപ്പുറം ദൂരെ പാടം കാണാം .. പടിഞ്ഞാറേ ജനാലയിലൂടെ നോക്കിയാൽ മുറ്റത്തെമാവും ..പിന്നെ പാപ്പച്ചേച്ചിയുടെ വീടും കാണാം ! ജനാലയുടെ അഴികൾക്കെല്ലാം നല്ല വണ്ണം ആണ് അതും മരത്തിൽ തീർത്തതും, എന്റെ കുഞ്ഞികൈകൾക്കു മുറുക്കെ പിടിച്ചുനീക്കാനെന്നവിധം തീർത്തവ !

പിന്നെ ഉമ്മറത്തുനിന്നുള്ള വാതിൽ വടക്കേമുറിയിലേക്കാണ്,.. രണ്ടു വാതിലുകൾക്കു നടുവിൽ ഒരു മുറി, അതിൽ തെക്കേമതിലിനോട് ചേർത്ത് ഒരു കട്ടിലും, മതിലുകൾ കുമ്മായത്തിൽ ആണ് പണിതിരിക്കുന്നത് , ഉച്ചക്ക് പറ്റെ ചേർന്നുറങ്ങാൻ പറ്റിയത് .. നല്ല തണുപ്പാണ് എപ്പോഴും !

ആ മുറി ഇടനാഴിയുടെ ഫലം ചെയ്തു .. ഉമ്മറത്തുനിന്നും പടിഞ്ഞാപ്പുറത്തേക്കു കടക്കാൻ രാവിലെ തുറന്നിടും, രാത്രി ഞങ്ങൾ ആരെങ്കിലും ആകും അതിൽ ഉറങ്ങുക..

പടിഞ്ഞാപുറത്തുനിന്നും ഇടനാഴിയിലേക്കും പിന്നെ രണ്ടു മുറികളിലേക്കും ആണ് വാതിലുകൾ .. ഒന്ന് പടിഞ്ഞാറേ ചായ്പ്പിലേക്കു .. അവിടെ ആണ് അമ്മാവന്റെ താമസം, അന്നത്തെ ഹൈടെക് മുറിയാണ് .. ഒരുപാടു സ്‌പീക്കറുകൾ, ഒരു ആംപ്ലിഫൈർ, പാനാസോണിക് ടേപ്‌റെക്കോർഡർ, ഒരു കുന്നോളും കാസ്സറ്റുകൾ (അമ്മാവന്റെ ഒരു കാസ്സെറ്റ് സ്റ്റാൻഡ് ഉണ്ടായിരുന്നു , രണ്ടുവശങ്ങളിലും കാസ്സെറ് വച്ച് ഒരു കുന്നിന്റെ ആകൃതിയിൽ). അമ്മാവന് അവധിയുള്ള ദിവസങ്ങളിൽ ഉത്സവപ്പറമ്പെന്നപോലെ ഉച്ചത്തിൽ അമ്മാവൻ ദാസ്സേട്ടനെയും ജയേട്ടനെയും ആ സ്‌പീകരിലൂടെ നാട്ടുക്കാർക്കരികിലേക്കെത്തിക്കും .. . ഞാൻ ആ മുറിക്കുളിൽ തമ്പടിക്കും പാട്ടു തീരുംവരെ .. .പാട്ടിനേക്കാൾ എനിക്ക് കൗതുകം ആംപ്ലിഫൈറിന്റെ ലൈറ്റുകൾ ആയിരുന്നു .. അവ താളത്തിനൊത്ത് മിന്നുന്നത് എനിക്ക് വലിയ ഇഷ്ടമായിരുന്നു !

പടിഞ്ഞാപ്പുറത്തെ അരമതിലിനോട് ചേർന്നാണ് പത്തായം .. വലിയ മൂന്ന് അറകൾ ഉള്ള ഒരു അദ്ബുദ്ധപെട്ടി .. കൃഷി നിർത്തിയശേഷം പഴയ പത്രങ്ങൾ, ഉരുളി, കിണ്ടി, വിളക്കുകൾ എന്നിവയാണ് അതിൽ സൂക്ഷിച്ചിരിക്കുന്നത് .. പക്ഷെ എനിക്ക് അത് എന്റെ കളഞ്ഞുപോയ കളിപ്പാട്ടങ്ങൾ കിടക്കുന്ന മാന്ത്രിക പെട്ടിയായിരുന്നു, 'അമ്മ ഞാൻ കളിച്ചു മടുത്ത കളിപ്പാട്ടങ്ങൾ അതിൽ പെറുക്കിയിടുമായിരുന്നു .. പിന്നീട് മാസങ്ങൾക്കു ശേഷം വീണ്ടും അതുകിട്ടുമ്പോൾ എനിക്ക് പുതിയതിനേക്കാൾ സന്തോഷം ആയിരുന്നു ! പത്തായം പോലെ തന്നെ ആയിരുന്നു മച്ചിൻപുറവും .. അമ്മാവൻ എന്റെ വലിയകളിപ്പാട്ടങ്ങൾ അവിടെ ആണ് ഇടുക .. ഇടയ്ക്കു ഭരണിയും മറ്റും എടുക്കാൻ കയറുമ്പോൾ എനിക്ക് എടുത്തു തരും ! ഒരു പ്രായം വരെ എന്ത് വേണമെങ്കിലും ഞാൻ മച്ചിൻമുകളിൽ നിന്നും എടുത്തുതരാൻ അമ്മയോടും അമ്മാവനോടും പറഞ്ഞു വാശിപിടിക്കും.. അച്ഛൻ ദേഷ്യക്കാരൻ ആയത്കൊണ്ട് ഒന്നും ചോദിക്കാറില്ല !

പടിഞ്ഞാപുറത്തു നിന്ന് വടക്കോട്ടു ഒരു വാതിൽ ഉണ്ട് .. അടുക്കളമുറി, അടുക്കള അല്ല എന്നാൽ അവിടെയാണ് പലഹാരങ്ങൾ വക്കുക, ഭക്ഷണം കഴിക്കുക, അമ്മയും അമ്മുമ്മയും ഒത്തിരുന്നു കറിക്കരിയുക..

അടുക്കള മുറിയിൽ നിന്നും ആണ് അടുക്കളയിലേക്കും പിന്നെ അടുക്കള ചായ്പ്പിലേക്കും ഉള്ള വാതിൽ .. അടുക്കള ചായ്‌പിനു അടുക്കളുടെയും അടുക്കളമുറിയുടെയും വലിപ്പമായിരുന്നു, അതിനാൽ അവിടേക്കു രണ്ടു വാതിലുകൾ ഉണ്ടായിരുന്നു .. ഒന്ന് അടുക്കളയിൽ നിന്നും മറ്റേതു അടുക്കള മുറിയിൽ നിന്നും…

 അടുക്കള അന്ന് പരിഷ്‌കൃതമായിരുന്നു ... ഞാൻ തീരെ കുഞ്ഞായിരുന്ന കാലത്തു .. ബെഞ്ചിന്റെ മുകളിൽ മണ്ണെണ്ണ സ്റ്റവ്വും.. പിന്നീട് അവിടെ ഒരു ഗ്യാസ് അടുപ്പും സ്ഥാനം പിടിച്ചു. മണ്ണെണ്ണ സ്റ്റോവ് ഒരു പേടിസ്വപ്നം ആയിരുന്നു .. ഞാൻ എന്നും അമ്മക്ക് വേണ്ടി പ്രാർത്ഥിക്കും .. അന്ന് അച്ഛനും  , അമ്മയും , വല്യമ്മയും എല്ലാം ദുഃഖം പറയുന്ന കേൾക്കാം എവിടെക്കെയോ സ്റ്റോവ് പൊട്ടിത്തെറിച്ചു മരിച്ച വർത്തകളെക്കുറിച്ചു !


ഇനി എന്റെ പ്രീയപ്പെട്ട അടുക്കള ചായ്പു, അടുക്കള ചായ്പ്പിന്റെ കിഴക്കു ഭാഗത്തു അടുപ്പാണ്, അടുപ്പു മാത്രം അല്ല കത്തിക്കാനായി ചുള്ളി കമ്പുകളും .. മുകളിൽ കരിപിടിച്ചിരിക്കുന്ന വിറകുകഷ്ണങ്ങളും..  കേൾക്കുമ്പോൾ ഒരിത്തിരി കരിപിടിച്ചതെങ്കിലും .. ഓർമകൾക്ക് സ്വർണ തിളക്കം ആണ് .. മങ്ങിയ ഓർമകളിൽ ഞാൻ ഇരുപത്തിയഞ്ചു - മുപ്പതു വർഷം പിന്നോട്ടുനോക്കുമ്പോളും ഏറ്റവും തെളിഞ്ഞു നിക്കുന്നത് ആ അടുപ്പാണ്...

ഒറ്റമകനായ കൊണ്ട് തനിച്ചായ എനിക്ക് കൂട്ടുവരുന്നത് ഈ സ്കൂൾ അവധിക്കാലത്താണ്, എല്ലാ ബന്ധുക്കളും അവരുടെ മക്കളും വീട്ടിൽ എത്തും .... അതിനാൽ ഈ സമയത്താണ് ഞാൻ ഏറ്റവും സന്തോഷിക്കുക… എല്ലാരും ഒരുമിച്ചു കൂടുന്നതും ഈ അടുപ്പിൻകരയിൽ ആണ് .. ചക്ക പൊളിക്കലും, ഉപ്പേരിക്ക് അരിയലും എല്ലാം ഇതിന്റെ അരികിൽ ആണ് .. അവരുടെ വിശേഷങ്ങൾ കേട്ടു ഞാൻ അവർക്കിടയിൽ അങ്ങനെ വിലസും.. എന്നെ ഇടക്ക് എല്ലാരും ശ്രദ്ധിക്കാനുള്ള ചില പൊടികകളും പ്രയോഗിച്ചുകൊണ്ടു !

ഓണപ്പൂട്ടനെങ്കിൽ അടുപ്പിൻമുകളിലെ ഓട്ടുരുളിയിൽ കായുപ്പേരിയും, ശർക്കര വരട്ടിയും.. സ്കൂൾ പൂട്ടാണെങ്കിൽ വിഷുവിന്റെ ചക്കവറത്തതും, കൊണ്ടാട്ടങ്ങളും.. നിറയും,  ഉപ്പേരി കോരും മുമ്പേ വാരി ഓടാനുള്ള ധിറുതിയായിരിക്കും എനിക് .. സത്യം പറഞ്ഞാൽ ഉപ്പേരി അത്ര ഇഷ്ടമുള്ള സംഗതിയൊന്നുമല്ല .. എന്നാലും എല്ലാരും ഉള്ളപ്പോൾ അത് ഒരു പ്രത്യേക രസം ആയിരുന്നു.. !

വിശേഷങ്ങൾ ഇല്ലെങ്കിൽ പോലും അവധിക്കാലത്തും ഞങ്ങൾ എല്ലാരും ഉച്ചയൂണ് കഴിഞ്ഞു ചായ്‌പിന്റെ അരമതിലും, നടക്കലിലും ആയി ഇങ്ങനെ ഇരിക്കും .. കുളങ്ങരയിൽ മൂവാണ്ടൻ മാവില്നിന്നും വീഴുന്ന മാങ്ങയുടെ ശബ്ദം കേൾക്കാൻ കാതോർത്തു .. വിനു ഏട്ടൻ ആണ് ഏറ്റവും വേഗത്തിൽ ഓടുക, പക്ഷെ എനിക്ക് മാങ്ങാ തരും എന്നെ വലിയ ഇഷ്ടം ആയിരുന്നു ..! 

വൈകിട്ടായാൽ പിന്നെ എല്ലാരും ചേർന്ന് കശുവണ്ടി പെറുക്കാൻ പോകും .. പറമ്പിലെ മാവിന്ചുവട്ടിൽ നിന്നും കശുവണ്ടി പെറുക്കി അമ്മയ്ക്ക് കൊണ്ടുപോയി കൊടുക്കും .. അമ്മ അത് അടുപ്പിലിട്ടു ചുട്ടു തരും .. പിന്നെ എല്ലാരും കൂടി മുറ്റത്തെ ഉരലിന്റെ അരികിൽ ഇട്ടു തല്ലി തിന്നും .. !
എന്ത് സ്വാദായിരുന്നു ദൈവമേ അതിനു !  വളരണ്ടായിരുന്നു എന്ന് തോന്നിപോകും, ഇന്നും ആ കുട്ടിയായി  ഏട്ടന്മാരോടും ചേച്ചിമാരോടുമൊപ്പം അടുക്കളചായ്പ്പിൽ പോയിരിക്കാൻ കൊതിയാകുന്നു ..

കാലമെത്രയോ കടന്നുപോയി ... ഇന്ന് അതിൽ പലരും എന്നോടപ്പം ഇല്ല, വിനു ഏട്ടൻ, അമ്മുമ്മ, മുത്തച്ഛൻ, വല്യച്ഛൻ……

കാലത്തിന്റെ ഒഴുക്കിൽ തറവാട് മണ്ണടിഞ്ഞു, പുതിയ വീടായി വീടിനു ചുറ്റും കോൺക്രീറ്റ് ടൈലുകൾ.. ആധുനിക അടുക്കള, ചായ്പു മാറി വരക്കേറിയ ആയി  .. ചുറ്റുമതിലുകൾ പണിതു.. കാലം ആവശ്യപ്പെട്ട മാറ്റങ്ങൾ….  അതിൽ പുറമെ മാറിയെങ്കിലും ഉള്ളിൽ മാറാനാകാത്ത ഞാനും !

ഇന്നും  അമ്മൂമ്മ എന്ന വാക്ക് പറയുമ്പോൾ മനസ്സിൽ നിറയുന്നത് ഒരു ഫോട്ടോ ആണ് .. വീണ്ടും വീണ്ടും എന്നിലെ കുട്ടിത്തത്തെ കാട്ടിത്തരുന്ന അടുക്കള ചായ്പ്പിൽ അമ്മുമ്മയുടെ ഒക്കത്തിരിക്കുന്ന എന്റെ ഫോട്ടോ ! അതിന്നും അമ്മാവന്റെ മേശപുറത്തിരിപ്പുണ്ട് .. ഏറെ ദ്രവിച്ചെങ്കിലും .. ഞാൻ എന്നും ആ പടം പൂർണമായി തന്നെ കാണുന്നു.. അതിന്റെ മാഞ്ഞ ഭാഗങ്ങൾക്ക് മനസിന്റെ ഓർമകളാൽ ചായം ചാർത്തി .. അതിന്റെ പൂര്ണത്തിയിൽ !

പുതിയവീട്ടിൽ ഇരുന്നു ഇതു എഴുതുമ്പോളും എനിക്ക് ചുറ്റും ആ ഓർമ്മകൾ മൂളി പറക്കുന്നു.. ഭ്രമരം പോലെ !

Monday, October 28, 2019

മുഖംമൂടി


അമ്മയെന്ന, സഹോദരിയെന്ന, ഭാര്യയെന്ന, മകളെന്ന, പെണ്ണെന്ന, സ്ത്രീയെന്ന, കാമുകിയെന്ന .... പല മുഖമൂടികൾ അവൾക്കു ചാർത്തിയ സമൂഹം മനസിലാക്കേണ്ട അവളുടെ യഥാർത്ഥ മുഖം ഒരു മനുഷ്യന്റേതാണ്, ഓർക്കുക ഓർത്തു പെരുമാറുക  !


ഒരു സുഹൃത്തിന്റെ ബ്ലോഗ് വായിച്ചു ഇൻസ്പിരേഡ് ആയി എഴുതിയ ഒറ്റവരി !!! 

Sunday, October 27, 2019

വിവാഹം


വിവാഹം, അവന്റെ മനസിലെ ഏറ്റവും വലിയ സ്വപ്നം ….

വല്ലാത്തൊരു പ്രകാശം ആണ് കല്യാണ വീടുകൾക്കു .. പുതിയതായി പെയിന്റ് അടിച്ച ചുവരുകൾ സമ്മാനിക്കുന്ന തിളക്കം ആയിരിക്കണം ..
എന്തോ …എനിക്ക് വലിയ ഇഷ്ടമാണ് കല്യാണ വീടുകൾ സന്ദർശിക്കാൻ ..
ഒരു ഉത്സവം തരുന്ന സുഖം .. വീടുകളിൽ അനുഭവിക്കാൻ ആകും .. ..ഒരു കണക്കിന് ഇതും ഒരു ഉത്സവം അല്ലെ .. നമ്മുടെ ആചാരങ്ങൾ എന്നും തുടക്കങ്ങളെ അങ്ങനെ ആണല്ലോ കാണുന്നത് .. ചിങ്ങം ഒന്നായാലും .. കേരളം പിറവിയായാലും .. നമ്മൾ ആഘോഷങ്ങളോടെ മാത്രം ആണ് വരവേല്കാര് .. നമ്മൾ മലയാളികൾ എന്നും അങ്ങനെ ആണ് .. നമുക്ക് എല്ലാം നന്നായി തുടങ്ങണം ...  ഇന്നിവിടെ രണ്ടു കുടുംബങ്ങൾ ഒന്നിക്കുന്നതിന്റെ ആഘോഷം ആണ് .. രണ്ടു മനസുകൾ എന്ന ക്ലീഷേ .. മനഃപൂർവം എഴുത്തതാണ് .. അത് വെറും ക്ലീഷേ ആണെന്ന ഉത്തമ ബോധ്യം ഉള്ളത്കൊണ്ട് ....

അവനവനാൽ കഴിയുന്ന തലത്തിൽ എല്ലാരും സുന്ദരനും സുന്ദരിയും അകാൻ വേണ്ടി പഠിച്ചത് പതിനെട്ടും കഴിച്ചേ കല്യാണ വീടുകളിൽ വരാറുള്ളൂ . ഒരുങ്ങിയ മനുഷ്യന് ആനയെക്കാൾ ചന്ദം ഉണ്ടെന്നു എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട് ...
വീണ്ടും കൂടുതൽ നിഗമങ്ങൾ എത്തിപ്പിടിക്കാൻ ഞാൻ ചുറ്റും കണ്ണോടിച്ചു ...
എല്ലാവരുടെയും മുഖത്തു  ഞാൻ സന്ദോഷം കണ്ടു ... എന്നാൽ എനിക്ക് കൂടുതൽ ഇഷ്ടം തോന്നിയത് കല്യാണപ്പെണ്ണിന്റെ കണ്ണുകളെയാണ്  .. അവളുടെ  കണ്ണിൽ ഞാൻ സന്തോഷത്തിൽ ഉപരി കുന്നോളം പോരുന്ന പ്രതീക്ക്ഷ ആണ് കണ്ടത് ..  ഇത്രയേറെ കഥ പറയാൻ കഴിയുന്ന കണ്ണുകൾ  ആൺകുട്ടികൾക്ക് ഇല്ലാത്തതെന്തേ എന്നതിന് എനിക്ക് ഇന്നും ഉത്തരം കിട്ടിയിട്ടില്ല ....  

എന്റെ ഭാവനകൾക്കു അറുതിയിട്ടു അവളുടെ അച്ഛൻ എന്നോട് ഒരു ചെറുത് കഴിക്കണോ എന്ന് ചോദിച്ചു .. മനസില്ല മനസോടെ ഞാൻ വേണ്ട എന്നും പറഞ്ഞു ..

പിന്നെ എന്തോ എനിക്ക് അവിടെ നിൽക്കാൻ തോന്നിയില്ല .....  ഞാൻ പതുക്കെ തിരക്കുളളിൽ നിന്നും മാറി .. പുറത്തേക്കു നിന്നു.. കയ്യിൽ കരുതിയ സിഗരറ്റ് പാക്കറ്റിൽ നിന്നും ഒരെണ്ണം എടുത്തു ചുണ്ടത്തു പിടിപ്പിച്ചു ..  നന്നേ ടൈറ്റ് ആയ ജീൻസിന്റെ പോക്കറ്റിൽ നിന്നും ഞാൻ പാടുപെട്ടു തീപ്പെട്ടി.. പുറത്തെടുത്തു..

വെയർപ്പിൽ കുതിർന്ന അതിന്റെ കത്തിക്കാൻ ഒരൽപ്പം പാടുപെട്ടെങ്കിലും... ഒടുവിൽ തോറ്റു തന്നു ...  ആഞ്ഞു വലിച്ചു പുക വിടുമ്പോൾ പ്രത്യേകിച്ച് ഒന്നും അനുഭവപ്പെടില്ല .. കഥയ്ക്ക് വേണ്ടി ഞാൻ പലതും ഇവിടെ എഴുതിയിരുന്നു പിന്നെ മാച്ചു കളഞ്ഞു ......

ഇന്ന് ആളുകൾക്ക് കോമണ് സെൻസ് ഉണ്ട് .. എന്തെഴുതിയാലും വിഴുങ്ങിയില്ല .. സൊ ലെറ്റ് അസ് കണ്ടിന്യു ..

പറഞ്ഞപോലെ എന്നെ പരിചയ പെട്ടില്ലല്ലോ..   കഥയിൽ എനിക്ക്  യാതൊരു പ്രസക്തിയും ഇല്ല.. എന്റെ ഭാഗം കഥ പറച്ചിൽ മാത്രം .. വേണമെങ്കിൽ എന്നെ അവരുടെ സുഹൃത്തായോ .. ബന്ധുവായോ .. അല്ലെങ്കിൽ കല്യാണ വീട്ടിൽ വലിഞ്ഞു കയറിയ ഒരു പഴയ പരിചയക്കാരൻ ആയിട്ടോ കണ്ടോളു.. പക്ഷെ ഞാൻ ഇന്ന് നിങ്ങളെ അവരുടെ ലോകത്തേക്ക് കൊണ്ടുപോകാം ... പ്രണയ ലോകം ആണ് .. അവിടെ നമ്മൾ നിശ്ശബ്ദരായിരിക്കണം .. സമ്മതമെങ്കിൽ തുടര്ന്നു വായിക്കാം ...

അവർ ഒരുമിച്ചായിരുന്നു കോളേജിൽ പോയിരുന്നത് .. ഒരേ ബസിൽ ആണെങ്കിലും അവർ പരസ്പരം സംസാരിച്ചിരുന്നില്ല .. അവൾ എന്നും ധിറുതിയിൽ ആണ് നടപ്പു .. അവൻ നേരെ മറിച്ചും, ഭൂമിയിൽ കാണുന്നതെല്ലാം സുന്ദരം ആണെന്ന തിരിച്ചറിവു അവനു ഉണ്ടെന്നു എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട് .. ആരോടും ഇന്നുവരെ അവൻ കോപിച്ചോ ..  സഹതപിച്ചോ  .. ഞാൻ കണ്ടിട്ടില്ല .. 

അവന്റെ നടത്തിലും തിരിച്ചറിവുള്ള പോലെ തോന്നിയിട്ടുണ്ട് .. അവൻ എല്ലാം കണ്ടേ .. അല്ല കണ്ടാസ്വദിച്ചേ നടക്കു .. കൊതി തോന്നിയിട്ടുണ്ട് അവനെ പോലെ അകാൻ ..

ഒരിക്കൽ അവൻ സുഹൃത്തിനോട് പറഞ്ഞത് ഞാൻ ഓർക്കുന്നു ..

എടാ അവൾക്കൊരു എല്ലു കൂടുതൽ അല്ലെ.. എനിക്കാണേൽ ഒരെണ്ണം കുറവും... എന്നാപ്പിന്നെ അവളെക്കൊണ്ട് കുറവാങ്ങു നികത്തിയേക്കാം അല്ലേടാ .. .. 

പണ്ട് സ്കൂളിൽ പഠിക്കുമ്പോൾ .. ബസിൽ നിന്നും വീണു അവന്റെ കയ്യിൽ സ്റ്റീൽ ഇട്ടിരുന്നു ..

അവർ തമ്മിൽ അടുത്ത് പെട്ടന്നായിരുന്നു .. 

എപ്പോൾ .. എങ്ങനെ എന്നത് .. വായിക്കുന്ന നിങ്ങളെ പോലെ തന്നെ എഴുതുന്ന എനിക്കും അറിയില്ല....  അവൻ മനസിലെ രഹസ്യം അവളോട് പറഞ്ഞതാകാം..അതോ തിരിച്ചായിരുന്നോ  അറിയില്ല ..

എന്തായാലും .. അവരുടെ അടുപ്പം അധികമാരും അറിഞ്ഞിരുന്നില്ല ..എന്നതാണ് സത്യം ..

അവർ നല്ല സുഹൃത്തുക്കളെ പോലെ ആണ് പെരുമാറിയിരുന്നത് ... 

കാലം കടന്നു പോയി, കോളേജിലെ ആ കൗമാരം കാലം അന്യമായി, ജോലിയുടെയുമ്, പ്രാരാബ്ധങ്ങളുടെയും ലോകത്തേക്ക് അവനും ....
വീടിന്റെ നാല് ചുവരിലെ ഫോണിനരികിലേക്കു അവളും ഒതുങ്ങി ..

അവൻ ഇന്നുവരെ പൈങ്കിളി പറഞ്ഞു ഞാൻ കേട്ടിട്ടില്ല .. അവൻ വളരെ    മെയ്ചുവർ  ആണെന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട് ... 
എനിക്ക് കാലത്തിനെ ഒരു കുട്ടിയോട് ഉപമിക്കാൻ ആണ് ഏറെ ഇഷ്ടം .. അത് കുശ്ര്ത്തി കാട്ടികൊണ്ടേ ഇരിക്കും .. എത്ര മാറ്റാൻ ശ്രമിച്ചാലും കുട്ടിത്തം എന്നും കുശ്ര്‌ത്തികളോടൊപ്പം  ..

അങ്ങനെ ഇരിക്കെ ആണ് ജോലിക്കു പോയ അവൻ വീണ്ടും ബസിൽ നിന്നും വീഴുന്നത് .. ഇത്തവണ പക്ഷെ പരുക്കൽപ്പം കൂടുതലായിരുന്നു .. 

അവനു ലോകത്തു നിന്നും പോകണ്ടി വന്നു .. മാലാഖമാർ അവനെ കൂട്ടി കൊണ്ട് പോയി പറയാൻ ആണ് എനിക്കിഷ്ടം…..

അടക്കത്തിന്റെ അന്ന്,  ഞാൻ വീട്ടിൽ ഏറ്റവും അതികം തിരഞ്ഞത് അവളെ ആണ് .. പക്ഷെ എനിക്ക് മുഖം മാത്രം കാണാൻ കഴിഞ്ഞില്ല ..
ഒരുപക്ഷെ  അവന്റെ ചിരിച്ച മുഖം അവൾ ഉള്ളിൽ  മായാതെ നിർത്തിയതായിരിക്കാം ..

ഇന്നേക്ക് മാസം ഏഴു കഴിഞ്ഞു .. അവളുടെ വിവാഹം ആണ് .. അവൻ ഉറങ്ങുന്ന അതെ പള്ളിയിൽ ... 

അവളുടെ വീട്ടുകാരുടെ അനുഗ്രഹങ്ങൾ വാങ്ങി ഒരു മണവാട്ടിയുടെ എല്ലാ സൗന്ദര്യത്തോടേ അവൾ പൂക്കൾകൊണ്ട്  മനോഹരമാക്കിയ വെള്ള കാറിൽ കയറി പള്ളിയിലേക്ക് പോയി .. 
പള്ളിയിൽ എത്തിയ അവൾ തെല്ലുവിഷമത്തോടെ കല്ലറയിലേക്കു  നോക്കുന്നത് ഞാൻ കണ്ടു .. പിന്നെ വീണ്ടും ഫോട്ടോഗ്രാഫർമാർക്ക് വേണ്ടി പുഞ്ചിരിച്ചു കൊണ്ട് .. അവൾ മെല്ലെ പള്ളിയുടെ അകത്തേക്ക് നടന്നു കയറി .. 

അവളുടെ മനസിലെ അവന്റെ ഓർമകളും കല്ലറക്കുളിൽ അവന്റെ കൂടെ മയങ്ങിയതായി എനിക്ക് തോന്നി ..

പള്ളിയിൽ കുർബാന ചെല്ലുന്നത് എനിക്ക് കേൾക്കാം ..

 വീണ്ടും ഞാൻ ആരുമില്ലാത്തൊരിടം തേടി നടന്നു .. സിഗരറ്റു പാക്കറ്റിൽ ഇനിയും രണ്ടു മൂന്നെണ്ണം കൂടി ബാക്കി ഉണ്ടായിരുന്നു ...

ക്ലിപ്തം


എത്ര നല്ല വാക്ക്, ഏറെ കൗതുകം ഉണർത്തുന്ന ഉച്ചാരണം, ഒരുവട്ടം കേട്ടാൽ പിന്നെ മനസ്സിൽ അർഥം അറിയാനായി ഒരു വ്യഗ്രത സൃഷ്ടിക്കാൻ കഴിവുള്ള വാക്ക്..  കേരളീയരോട് വാക്കിനിത്ര മനോഹാരിത എങ്ങനെ വന്നു എന്ന് ചോദിച്ചാൽ .. വളരെ ലാളിത്യത്തോടെ അവർ പറയും..

അത് അങ്ങനെ ആണ് .. നമ്മുടെ മലയാളം അല്ലെ ..

എത്ര മനോഹരമായ ഭാഷയാണ് മലയാളം. ഒരു ജന്മം മുഴുവൻ വായിച്ചാലും പഠിച്ചാലും കണ്ടെത്താനാകത്ത അത്ര ആഴം.  എന്റെ ഭാഷാപരിജ്ഞാനം തീരെ കുറവാണെങ്കിലും, ഇത്രയധികം ആശയങ്ങൾ എഴുതാനാകുന്ന മറ്റൊരു ഭാഷ ഞാൻ കണ്ടെത്തിയിട്ടില്ല ..

യഥാർത്ഥ സോഷ്യലിസവും ഇതല്ലേ ?  

ഭാഷാപണ്ഡിതന്മാരുടെയും .. തുടക്കകാരുടെയും ഉറ്റ തോഴൻ ... ആരോടും ഒരു പാക്ഷാപേതം ഇല്ല..   മലയാളമേ നമിക്കുന്നു .. നീ ശെരിക്കും ഒരു അപാരത തന്നെ. 

ഇത്രയും എഴുതിയ ഒരു കടലാസ് കഷ്ണം മേശപ്പുറത്തു ഇരിപ്പുണ്ടായിരുന്നു ..

മേശപ്പുറം അതിനെ അങനെ വിളിക്കുന്നത് ശെരി ആണോ എന്നത് ചർച്ച ചെയ്യേണ്ട വിഷയം ആണ് ..  

നിറഞ്ഞു കവിഞ്ഞ ഒരു ആഷ് ട്രേ, കുറെ വീക്കിലികൾ… എല്ലാം ചുക്കി ചുളിഞ്ഞതും മുഷിഞ്ഞതും,   മഷിയുള്ളതും ഇല്ലാത്തതും ആയ കുറെ പേനകൾ .. ഒരു പഴയ മഷിക്കുപ്പി .. കണക്കുകൾ കുത്തി കുറിച്ച കീറിയ സിഗരറ്റു പാക്കറ്റുകൾ ..
എന്റെയോ അമ്മയുടേയോ ഓർമ ഉണർത്തുന്നതൊന്നും മേശപ്പുറത്തു കണ്ടില്ല ..
എന്റെ മങ്ങിയ ഓർമകളിൽ, ഒരിക്കൽ പോലും അച്ഛനെഴുതുന്നതു ഞാൻ കണ്ടിട്ടില്ല. കടലാസുകഷ്ണം ഞാൻ കയ്യിൽ എടുത്തമ്മയോടു ഉച്ചത്തിൽ ചോദിച്ചു ..

അമ്മെ, അച്ഛൻ എഴുത്തുമായിരുന്നോ ?

എനിക്കറിയില്ല ... എന്നോടുന്നും പറയാറുമില്ല .. ഞാൻ ഒട്ടു ചോദിക്കാറുമില്ല .. ആർക്കറിയാം ..  നീ അവിടെ എന്തെടുക്കുവാ  ?

ഞാൻ മറുപടി പറഞ്ഞില്ല ..
ഇന്ന് അമ്മയുടെ ഉത്തരം പ്രതീക്ഷിച്ചതിലും നിലവാരം ഉള്ളതാണ് .. മുന്കോപിയായ അച്ഛനെ മനസിലാക്കാനും, സ്നേഹിക്കാനും അമ്മക്ക് കഴിഞ്ഞിരുന്നില്ല ..  തനിക്കും അമ്മയോടായിരുന്നു സ്നേഹം, അതിനാൽ അച്ഛനോട് എന്നും ഒരു അകലം പാലിച്ചിരുന്നു..

അച്ഛൻ എന്നൊരാൾ പേരിനുണ്ടെന്നല്ലാതെ, എന്റെ കഴിഞ്ഞ 16 വർഷത്തെ ജീവിതത്തിൽ ഒരു പങ്കും ഞാൻ അച്ഛനോടൊത്തു ചിലവഴിച്ചിട്ടില്ല .. 8 ആം വയസിൽ അമ്മയോടൊത്തു വിമാനം കയറിയതാണ് ... നിയമപരമായല്ലെങ്കിലും മനസുകൊണ്ട് അവർ വേര്പിരിഞ്ഞാണ് ജീവിച്ചത് .. 
പോയ സമയത്തു ഇടയ്ക്കു വിളിക്കുമായിരുന്നു .. പിന്നെ പിന്നെ അതും മെല്ലെ നിന്നു .. 
വല്ലാത്തൊരു വാശി നിറഞ്ഞ ജീവിതം ആയിരുന്നു അമ്മയുടെ ... എല്ലാം വെട്ടിപ്പിടിക്കാൻ ഉള്ള ഒരു തിടുക്കം കണ്ടാണ് ഞാൻ വളർന്നത് .. വല്ലാത്തൊരു ധൈര്യം ആണ് അമ്മക്ക് ..  ഒരു നേഴ്സ് ആയി ജീവിക്കുക എന്നത് ഒരുപാടു ധൈര്യം വേണ്ടതും .. ധൈര്യം പകരേണ്ടതും ആയ ഒരു ജോലി ആണ് .. അതും കുവൈറ്റിൽ ..

നാട്ടിൽ പോകണ്ടേ എന്ന എന്റെ ചോദ്യത്തിന്.. മറുപടി എന്നും ചെറുതായിരുന്നു ..

പോയിട്ടെന്തിനാ ?

 നാട്ടിൽ വരാൻ മതിയായ കാരണങ്ങൾ ഒന്നും അമ്മക്കുണ്ടായിരുന്നില്ല …
എന്നാൽ , കഴിഞ്ഞാഴ്ച വന്ന അമ്മാവന്റെ കാൾ അതിനു വേണ്ട കരണമായിട്ടായിരുന്നു …..അവൻ (അച്ഛൻ) മരിച്ചു .. കർമം ചെയ്യാൻ അവനെയുംകൊണ്ട് നീ വരണം .. അമ്മ കരഞ്ഞില്ല .. പക്ഷെ എന്നെയും കൂട്ടി വീണ്ടും ഈ വീട്ടിൽ വന്നു  !

കർമങ്ങൾ കഴിഞ്ഞു എനിക്ക് കിടക്കാൻ തന്നത് അച്ഛന്റെ മുറി ആണ് .. ഇന്ന് വൈകിട്ടുവാരയെ ഇവിടെ ഉള്ളു .. അതുകഴിഞ്ഞാൽ അമ്മാവന്റെ വീട്ടിൽ ആണ് .. അടുത്ത വരവിനു വീടുണ്ടാകുമോ എന്നുപോലും അറിയില്ല .. 
ഈ മുറികൂടി നഷ്ടമായാൽ പിന്നെ അച്ഛനെ കുറിച്ചറിയാൻ എനിക്കാകുമെന്നു തോന്നുന്നില്ല..
ഞാൻ അറിഞ്ഞതിലും ഉപരി എന്തോ ഒന്നുണ്ട് .. ആ കടലാസ്സിൽ കണ്ട കുറിപ്പുകളും അമ്മയുടെ മറുപടിയും അച്ഛനെപ്പറ്റിയറിയാൻ എന്നെ കൂടുതൽ പ്രേരിപ്പിച്ചു ..  ..
ഞാൻ മേശയുടെ വലിപ്പുതുറന്നു ... മേശപുറത്തിനു വിപരീതമായി വലിപ്പിന് ഒരു അടുക്കമുണ്ടായിരുന്നു ..

2 ഫയലുകള്കരികിൽ .. ഒരു ഡയറി അതിനുമുകളിൽ .. സ്വര്ണനിറത്തിൽ ഉള്ള ഒരു ഹീറോ പെന ..  സ്വർണ നിറമുള്ള പെന അച്ഛന്റെ കറുത്തകൈയിൽ ഒരു ആഭരണം പോലെ അലങ്കാരം ആക്കി എനിക്ക് പ്രോഗ്രസ് കാർഡ് ഒപ്പിട്ടു തന്ന ഓർമ മനസ്സിൽ നിറഞ്ഞു .. സ്കൂളിൽ കൊണ്ടുപോകൻ ഞാൻ ഒരുപാടു മോഹിച്ച പേനയാണത് ... അച്ഛനോട് ചോദിയ്ക്കാൻ എനിക്ക് പേടിയായിരുന്നു…
ഞാൻ ആ പെന കയ്യിൽ എടുത്തു .. അതിന്റെ പ്രൗഢിക്ക് ഇന്നും ഒരു കുറവ് വന്നിട്ടില്ല .. ഡയറി വായിക്കാനുള്ള ഉത്കണ്ഠ എന്നെ ആ പേനയുടെ ഭംഗിയാസ്വദിക്കുന്നതിൽനിന്നും പിന്തിരിപ്പിച്ചു..  തികഞ്ഞ ബഹുമാനത്തോടെ ഞാൻ ആ പെന മേശപുറത്തുവച്ചിട്ടു ഡയറി എടുത്തു ..
തിടുക്കത്തിൽ ഇതുവായിരിക്കരുതെന്നുറച്ചു ഞാൻ അടുത്ത് കിടന്ന പ്ലാസ്റ്റിക് വയർകൊണ്ട്‌നെയ്ത ആ കസേര മേശക്കരികിലേക്കു അടുപ്പിച്ചു ..
അച്ഛൻ ഇതിലായിരിക്കണം എഴുതാനിരുന്നിരുന്നത്.. പൊക്കമില്ലാത്ത ഈ കൊട്ടകസേര ഒട്ടും സുഖകരമല്ലാത്ത ഒന്നാണ് .. പ്രത്യേകിച്ചും എഴുതാനിരിക്കാൻ..
ഒരൽപം പാവംതോന്നി ..
ഒട്ടുമറിയാത്ത അച്ഛനെ ഉൾകൊണ്ടുവേണം വായിക്കാൻ ... അച്ഛൻ എങ്ങനെജീവിച്ചുഎന്നറിയാൻ… ഞാൻ ആ മുറിക്കുചുറ്റും ഒന്ന് കണ്ണോടിച്ചു ..
പടിഞ്ഞാറേ ജനാലക്കുപാലികളുണ്ടായിരുന്നില്ല ...അച്ഛന് ദൂരെക്കാഴ്ചകൾ കാണാനിഷ്ടമായിരുന്നിരിക്കും അതോ  ഒളിക്കാനൊന്നുമില്ലെന്നതോന്നലാകുമോ ?
ജനാലക്കരികിൽ ഒന്നിനുമുകളിലൊന്നായി തൂങ്ങിക്കിടക്കുന്ന കലണ്ടറുകൾ , അതിനുകൂട്ടായി ..കി കൊടുക്കാൻ ആളില്ലാതെ അനാഥമായ ആ പഴയ ക്ലോക്ക് .. 
മാറമ്പൽനെക്കൂട്ടുപിടിച്ചു ഏകാന്തതമറന്ന ഫാനും ലൈറ്റും ..
മുഷിഞ്ഞതും, കുഴമ്പിന്റെമനമുള്ളതുമായ കട്ടിലും കിടക്കയും ..
ചുവന്ന റെഡോക്സിഡിന്റെമുകളിൽ ആള്പെരുമാറ്റും കുറവായതുകൊണ്ടാകണം പോറലുകൾകുറവാണ് ..
അലമാരക്കുതാക്കോലില്ല .. പാതിതുറന്നതിൽ അച്ഛന്റെ ഷർട്ടും മുണ്ടും എനിക്ക് കാണാം .. ഒന്നോ രണ്ടോ അതില്കൂടുതലൊന്നുമില്ല .  ഒരു ഒറ്റപ്പെടൽ എങ്ങും നിറഞ്ഞു നിന്നിരുന്നു ..

കസേരയിൽനിന്നുംകയ്യെത്തിച്ചു  ഞാൻ ഫാനിന്റെ സ്വിച്ച് ഓൺചെയ്തു ...  അത് പതിയെ കറങ്ങി യാതൊരു താളവും ഇല്ലാത്ത മുരക്കത്തോടെ.

ആദ്യ പേജ് തുറക്കാൻ ഒരു മടി .. അമ്മപറഞ്ഞതിനപ്പുറമാകണം അച്ഛൻ എന്നാഗ്രഹം കൊണ്ടാകണം .. തെല്ലു നെഞ്ചിടിപ്പോടെ ഞാൻ ഡയറി തുറന്നു .. 

“പറന്നകന്ന എന്റെ പൂമ്പാറ്റകൾക്ക്... ! “

പേജിന്റെ നടുവിലായി അച്ചടിയേതൊപ്പിക്കുന്ന കയ്യക്ഷരത്തിൽ !
എന്റെ മനസിനെയും കണ്ണിനെയും ... വാക്കുകൾ നനയിച്ചു .. ഞാൻ ചെറുവിറയലോടെ പേജുമറച്ചു ..
 അടുത്ത പേജിൽ  ഡയറിയിലെ തീയതി വെട്ടി അതിൽ അച്ഛൻ കുറിച്ചിരിക്കുന്നു .. 12 -31 – 2002…
 നടുവിലായി നാല് ചോദയങ്ങളും ഒരു ഉത്തരവും ...

"നേര് പറയാൻ പാടില്ലേ ?
ഉള്ളുതുറക്കാൻ പാടില്ലേ ?
തെറ്റുതിരുത്താൻ പാടില്ലേ ?
സ്വന്തമെന്നുകരുതാൻ  പാടില്ലേ ?
പാടില്ല, സ്വപ്നങ്ങൾ പറന്നകന്നീടും ... "

അടുത്ത പേജും ഞാൻ മറച്ചു .. അതിലും ഇതേ ചോദ്യങ്ങൾ അതെ ഉത്തരം.. തിയതി മാത്രം വ്യത്യസ്തം ..  12 - 31 - 2003  ..

പിന്നീടുള്ള എല്ലാ 15  പേജിലും ഞാൻ കണ്ടത് .. ഇതേ ചോദ്യങ്ങളും അതെ ഉത്തരവും ..
16 ആം പേജിൽ മാത്രം ഒരു വ്യത്യസ്ത കുറിപ്പ് .. 

"ആയിരം നക്ഷത്രങ്ങളിൽ ഒന്നായി ഞാൻ, എന്റെ പൂമ്പാറ്റകൾ ഉയരത്തിൽ പറക്കുന്നത് കണ്ടുനിക്കും.. ഒറ്റപെടലിനു വിട"

പെട്ടാണ് 'അമ്മ ഉച്ചത്തിൽ എന്നെ വിളിച്ചത് ..
നാശം ദേ പോലീസ് വന്നിട്ടുണ്ട് .. അങ്ങേരു ചത്തപോലും എനിക്ക് മനസമാധാനം തരില്ല !
ഞാൻ അറിഞ്ഞതിലും ഉപരി പലതും ഉണ്ടെന്ന തിരിച്ചറിവോടെ ഡയറി മേശപ്പുറത്തു വച്ചു ഞാൻ പതിയെ പുറത്തേക്കിറങ്ങി ...







**** Police ****************
വീടിന്റെ കോലായിലെ ... അരമതിലിൽ അമ്മാവനും,  അയാളും  ഇരിപ്പുണ്ടായിരുന്നു, ഏതാണ്ട് അമ്പതു വയസിനടുത്തു പ്രായം ഉണ്ട് .. അയാൾ  എന്നെ കണ്ടിട്ടും കണ്ടഭാവം നടിക്കാതെ ഏതോ പേപ്പറുകൾ മറിക്കുന്നുണ്ടായിരുന്നു .. 

ചേട്ടാ, വിളിച്ചായിരുന്നോ ?

ഉം .. നീ ആരാ മോനാണോ ?

നാട്ടിലെ ചിട്ടവട്ടങ്ങൾ അറിയാത്തകൊണ്ടാകണം പോലീസുകാരനെ ചേട്ടാ എന്ന്ചോ വിളിച്ചത് അയാൾക്ക്ഇഷ്ടമായില്ല എന്ന് തോന്നി. .

അതെ .. മകനാണ് !

ഉം .. ഇവിടെ ഒരു ഒപ്പിടണം ..

പിന്നെ .. വീട്ടിലെങ്ങും സ്ഥലം ഇല്ലാത്തത്കൊണ്ടാണോ .. അയാൾ ലോഡ്ജിൽ പണി പറ്റിച്ചത് ?

അച്ഛനെ അറിഞ്ഞു തുടങ്ങിയ കൊണ്ടാകണം .. അയാളുടെ വാക്കുകൾ എന്നെ വേദനിപ്പിച്ചു ..  ഞാൻ മറുപടി പറയും മുമ്പേ അമ്മാവൻ പറഞ്ഞു,

സാറേ .. അവൻ ഇന്നലെ എത്തിയെ ഉള്ളു.. കുവൈറ്റിൽ ആണ് ..

എന്നെ നോക്കി അമ്മാവൻ പതിയെ കണ്ണടചു ..  അമ്മാവൻ പറഞ്ഞോളാം എന്നമട്ടിൽ ..

ഞാൻ മുന്നോട്ടു വന്നു ഒപ്പിട്ടു .. അയാൾ എന്തൊക്കെയോ കടലാസുകൾ അമ്മാവന് കൈമാറി .. അമ്മാവൻ ഒരു പൊതി അയാളുടെ കയ്യിൽ പിടിപ്പിക്കുന്നതും കണ്ടു ..

അയാൾ .. എന്നെ നോക്കി ഒന്ന് പുഞ്ചിരിച്ചു ശേഷം .. "ശെരി" എന്നും പറഞ്ഞു പുറത്തേക്കിറങ്ങി ...

ഇനി മുൻസിപ്പാലിറ്റിയിൽ പോകണം .. അതുകൂടി കഴിഞ്ഞാൽ പിന്നെ ഇതിനെ നിന്റെ പേർക്ക് മാറ്റം ..

എന്നോടാണ് പറഞ്ഞതെങ്കിലും എനിക്ക് മറുപടി ഉണ്ടായിരുന്നില്ല .. എന്നെ ബാധിച്ചു തുടങ്ങിയിരുന്ന നഷ്ടബോധത്തിനു ... വീടിനെയും സ്ഥലത്തേക്കാളും വിലയുണ്ടായിരുന്നു .. ഞാൻ ഇവിടുത്തെ ചടങ്ങുകൾ തീർത്തു പോകാൻ വന്നതാണെങ്കിലും  .. എന്റെ വരവിന്റെ ലക്ഷ്യം മാറിക്കഴിഞ്ഞിരുന്നു ..

കോലായിയുടെ മൂലക്കായി കിടന്ന ചാരുകസേരയിൽ ഞാൻ മെല്ലെ ഇരുന്നു ..... കുട്ടിക്കാലത്തു അച്ഛൻ എന്നെ മടിയിൽ കിടത്തി കസേരയിൽ ഇരിക്കാറുണ്ടായിരുന്നു …….
 ഉച്ചച്ചൂടിന്റെ തീഷ്ണതയിലും അതിൽ എനിക്ക് വല്ലാത്തൊരു കുളിർമ തോന്നി .. എന്തോ ... എനിക്കുനഷ്ട്പെട്ട എന്റെ   അച്ഛന്റെ മടിയിൽ എന്നപോലെ ... ഞാൻ കസേരയിൽ ഇരുന്നു…
  യാത്ര ക്ഷീണകൊണ്ടാകാം ഞാൻ പതിയെ മയങ്ങിത്തുടങ്ങിയിരുന്നു ... പാതിമയക്കത്തിൽ അച്ഛന്റെ മടിയിൽ കിടന്നുറങ്ങിയ മങ്ങിയ ഓർമ്മകൾ  നിറഞ്ഞുകൊണ്ടിരുന്നു ...
***********Friend *******************
ആരോ തലയിൽ തടവുന്നതറിഞ്ഞാണ് ഞാൻ കണ്ണുതുറന്നു .. ഒരു വൃദ്ധൻ ഏതാണ്ട് അറുപതിനടുത്തു പ്രായം ഉണ്ട് .. ഞാൻ കണ്ണ് തുറന്നു ...

മോൻ ഉറങ്ങികോളൂ ... ഞാൻ ശല്യം ആയോ ?

ഇല്ല.. എനിക്ക് മനസിലായില്ല .. .?

ഞാൻ മോന്റെ അച്ഛന്റെ സുഹൃത്താണ് . .. മോൻ എന്നെ കണ്ടോർമ്മ കാണില്ല ...

ഞങ്ങളുടെ സംഭാഷണംകെട്ടാകണം  .. 'അമ്മ കൊലയിലേക്കുവന്നു ..
വര്ഷമിത്ര കഴിഞ്ഞിട്ടും അമ്മക്ക് പെട്ടന്ന് ആളെ മനസിലായി ..
ഏട്ടൻ എപ്പോ വന്നു ?

ഞാൻ വന്നേയുള്ളു .. മോനെ കണ്ടപ്പോ അവോണ്ട് ഒന്നു മിൻഡിം പറഞ്ഞും ഇരുന്നു ..

ചായ എടുക്കട്ടേ ?

വേണ്ട..
അവനെ അങ്ങനെ കാണാൻ ഉള്ള ശക്തിയില്ലാഞ്ഞിട്ടാണ് ഞാൻ വരാഞ്ഞത് .. 
ഹ്മ്മ്..
അടുത്തിടെ അവനു  ആരേം കാണാൻ ഇഷ്ടമില്ലായിരുന്നു .. നിങ്ങളെ കുറിച്ച് മാത്രം പറയുമ്പോൾ ആഴ്ന്നു അവൻ വാചാലനായിരുന്നത് .. അവനു കാണണം എന്ന് വലിയ ആഗ്രഹം ഉണ്ടായിരുന്നു ..

എന്തിനു ? ഏട്ടൻ അറിയാല്ലോ ഞാൻ അനുഭവിച്ചതെല്ലാം .. തൊട്ടതിനും പിടിച്ചതിനും എല്ലാം കുറ്റമായിരുന്നു .. മരിച്ചയാളെ പറ്റി പറയാൻപാടില്ല പക്ഷെ എന്റെ നല്ല ജീവിതം അയാൾ കാരണമാണ് നശിച്ചത് ..

ഹ്മ്മ്..  !   അവന്റെ കാഴ്ചപ്പാടുകൾ വ്യത്യസ്തമായിരുന്നു ... അവനെല്ലാം സ്വന്തമായിക്കണ്ടു .. ഒരിക്കലും ആരും വിട്ടുപിരിയില്ല എന്ന് വെറുതേധരിച്ചു .. അതുകൊണ്ടാകണം അവനെല്ലാരോടും .. .

പറഞ്ഞുതീർക്കുംമുമ്പ് .. 'അമ്മ ഇടപെട്ടു ..

വേണ്ട ഇനി അതിനെപ്പറ്റി ഒന്നും പറയണ്ട.. എന്റെ വിഷമം നിങ്ങള്ക്ക് മനസിലാകില്ല ..

കടുപ്പിച്ചു പറഞ്ഞത്കൊണ്ടാകണം .. അയാൾ വേറെ ഒന്നും പറയാതെ .. എന്റെ തലയിൽ ഒന്നുകൂടി തലോടി പുറത്തേക്കിറങ്ങി ..

ഇനി കാണുമോ എന്നറിയില്ല ... പോയിട്ടുവരാം !
എന്റെ ഉള്ളിലെ നഷ്ടബോധം പൂര്ണമായികൊണ്ടിരുന്നു .. അമ്മയുടെ കാഴ്ചപ്പാട് അച്ഛനായി യോജിക്കാഞ്ഞകൊണ്ടാണോ ? എനിക്ക് എന്റെ അച്ഛന്റെ വാത്സല്യം നഷ്ടമായതു ? 

പറഞ്ഞുകേട്ടത്തോളം .. കണ്ടറിഞ്ഞതോളം .. കയ്പുള്ള അച്ഛന്റെ ഉള്ളിലെ മധുരം അമ്മക്ക് അറിയാന്കഴിയാഞ്ഞതാണോ ?

****************final part **************
നേരം വൈകിയിരുന്നു ... ഇനി ഏതാനും മണിക്കൂറുകൾ കഴിഞ്ഞാൽ ഞാൻ ഇവിടെ നിന്നും പോകും .. അമ്മാവന്റെ വീട്ടിലേക്കും .. പിന്നെ ഞാൻ വളർന്ന നാട്ടിലേക്കും.. . 'അമ്മ നൽകിയ ചായ കുടിക്കുമ്പോളും മനസ് വീണ്ടും അച്ഛന്റെ മുറിയിലേക്ക് പൊഗം ആഗ്രഹിച്ചുകൊണ്ടിരുന്നു .. ഞാൻ പതികുടിച്ച ചായ കപ്പുമായി അച്ഛന്റെ മുറിയിലേക്ക് കയറി ..

മേശവലിപ്പു തുറന്നു തന്നെ കിടപ്പുണ്ടായിരുന്നു .. ഞാൻ പതിയെ ചായ കപ്പ് ആ മേശപുറത്തുവച്ചു ... ആ ഫയലുകൾ എടുത്തു ..   അശ്വിൻ മേനോൻ എന്ന് പെരുചുരുക്കിയ എന്നെ ആ ഫയലിന്റെ അട്ടിയിൽ  കാത്തിരുന്നത് .. അശ്വിൻ രാജേന്ദ്രൻ എന്ന ഓർമപ്പെടുത്തൽ ആയിരുന്നു .. 

ഒരു നിധി എന്നപോലെ .. ഞാൻ മറന്ന എന്റെ കുട്ടികാലം ആ ഫയലിൽ നിറഞ്ഞിരുന്നു ..  'അമ്മ മറന്നു വച്ച് പോയ എന്റെ ഫോട്ടോകളായിരുന്നു അതിലേറെയും ... എന്റെ സ്കൂൾ അഡ്മിഷൻ ഫോം, എന്റെ ഫീസ് അടച്ച റെസിപ്റ്റുകൾ,  എന്നെ പറിച്ചുനടും വരെ ഞാൻ അച്ഛനിൽ നിന്നും അനുഭവിച്ച എല്ലാ സൗഭാഗ്യങ്ങളും എന്റെ മുന്നിൽ അച്ഛനുവേണ്ടി സംസാരിക്കുകയായിരുന്നു  .. വർഷമെത്രയായിട്ടും എന്റെ ഓർമ്മകൾ ആയിരുന്നു അച്ഛന് അകെ ഉള്ളു കൂട്ട് ...
ഞാൻ രണ്ടാമത്തെ ഫയലും തുറന്നു .. ആദായത്തേക്കു താഴെവെക്കാൻ മനസുവനില്ല.. അതിനാൽ അത് കയ്യിൽ തന്നെ കരുതി .. . ഭാരതി രാജേന്ദ്രൻ .. .

'അമ്മ ഒറ്റക്കായിരുന്നില്ല.. ഇത്രനാൾ "  

അതിൽ ആകെ കണ്ടത് മൂന്നു താളുകൾ മാത്രം .. അവരുടെ കല്യാണ സെര്ടിഫിക്കറ്റിന്റെ കോപ്പി .. അമ്മയുടെയും അച്ഛന്റെയും കല്യാണ ഫോട്ടോ .. .പിന്നെ അച്ഛന്റെ കൈപ്പടയിൽ ഒരു കുറിപ്പും .. .

"നിന്നെ ഞാൻ സ്നേഹിച്ചപോലെ മറ്റാരും സ്നേഹിച്ചുകാണില്ല .. പക്ഷെ
എനിക്ക് അത് പ്രകടിപ്പിക്കാൻ കഴിഞ്ഞില്ല .. മാപ്പു ! ..
കാലം എന്നെ പഠിപ്പിച്ചു .. ഞാൻ  നിന്നെ അർഹിച്ചിരുന്നില്ല "

എന്ന് - അയോഗ്യൻ !

ഞാൻ ഉറച്ചു ഇത് 'അമ്മ കാണണം .. പക്ഷെ അമ്മയെ തളർന്നു ഞാൻ എന്നുവരെ കണ്ടിട്ടില്ല .. എനിക്ക് ഇനി അമ്മയെ ബാക്കി ഉള്ളു .. 'അമ്മ പൊരുതിയാണ് ജീവിച്ചത് .. അമ്മയുടെ വിശ്വാസങ്ങൾ അമ്മയുടെ കാഴ്ചപ്പാട് മാത്രം ആണ് .. അത് ഇല്ലെങ്കിൽ അമ്മയില്ല ..

ഞാൻ ആ ഫയലുകൾ എന്റെ ബാഗിൽ വെച്ചു, ….അമ്മയെ കാണിക്കാനോ എന്ന് തീരുമാനിക്കാൻ എനിക്ക് ഇനിയും സമയം വേണം...
********************** conclusion ******************************************************
അമ്മാവന്റെ കാർ വെളിയിൽ ശബ്ധിക്കുണ്ടായിരുന്നു ..

പോകുന്നതിനു മുമ്പ് ഞാൻ ആ ഹീറോ പെന ഞാൻ എന്റെ നെഞ്ചോടു ചേർത്ത് പോക്കറ്റിൽ വെച്ചു ..  

മുറ്റത്തേക്കിറങ്ങി ഞാൻ കാറിൽ കയറി ..  വീടുപൂട്ടി അമ്മയും ഒപ്പം കയറി  .. അമ്മയുടെ കണ്ണ് കലങ്ങിയിരിക്കുന്നതു എനിക്ക് കാണാമായിരുന്നു .. 
അമ്മയെ ഞാൻ എന്റെ നെഞ്ചോടു ചേർത്തുകിടത്തി ..  അമ്മയുടെ കണ്ണീർ ആ പേനയിലേക്കു പതിയെ ഒഴുകിച്ചെന്നു... 
അത് ആ പേനക്ക് ഒരു തിളക്കം നൽകി .. യോഗ്യതയില്ലാത്തവർ .. നൽകിയ നക്ഷത്ര തിളക്കം

ഞങ്ങളുടെ കാർ പതിയെ ആ വീടിനു പുറത്തേക്കിറങ്ങി

*****************************************************************